
ബാറുക്കിന്റെ പുസ്തകം നാലാം അദ്ധ്യായം ഇരുപത്തിയെട്ടാം തിരു വചനത്തിൽ കർത്താവ് പറയുന്നു: “ദൈവത്തിൽ നിന്നകലാൻ കാണി ച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുക.” നീ ഒരു കാര്യം ചെയ്താൽ കർത്താവ് നിനക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യും. നിങ്ങളുടെ മേൽ ഈ അനർത്ഥങ്ങൾ വരുത്തിയ വൻ തന്നെ നിങ്ങൾക്ക് രക്ഷയും നിത്യാനന്ദവും നല്കും. നീ ചെയ്യേണ്ട കാര്യമിതാണ്. തീക്ഷ്ണതയോടെ തിരിച്ചു വരുക. തീക്ഷ്ണതയോടെ തിരിച്ചു വരണമെങ്കിൽ നിന്നിൽ അഞ്ചു മനോഭാവം ഉണ്ടാകണം
ഒന്ന്, നീ കർത്താവിൽ നിന്ന് അകലാനായിട്ട് ഏതെങ്കിലും ഒരു പാപ കാരണമുണ്ട്. ഒരു പാപ പ്രവൃത്തിയുണ്ട്. നീ അതിൽ നിന്നുള്ള പിടി വിടണം. രണ്ട്. നീ ഏത് അവസ്ഥയിൽ ഏതു പാപത്തിൽ ആണ് കിട ക്കുന്നത് അതിൽ നിന്നും പൂർണ്ണമായിട്ടും പിന്തിരിയണം. മൂന്ന്, നിന്റെ ഭാഗത്തു വന്ന വീഴ്ച്ച, ചെയ്ത തെറ്റ് – ഇതിനെയോർത്ത് അനുതപി ക്കണം. നാല്, ഓരോന്നും മറച്ചു വക്കാതെ സകലതും കർത്താവിന്റെ മുമ്പിൽ ഏറ്റു പറയണം. അഞ്ച്, ഇനി ആ പാപങ്ങൾ ചെയ്യുകയില്ലാ യെന്ന തീരുമാനം എടുക്കണം.
നീ തീക്ഷ്ണതയോടെ തിരിച്ചു വന്നാൽ കർത്താവ് നിനക്കു വേണ്ടി ചെയ്യുന്ന രണ്ടു കാര്യങ്ങൾ – അവിടുന്ന് ശിക്ഷ പിൻവലിക്കും. കർത്താവ് ശിക്ഷിക്കുന്നൊരു ദൈവമല്ല. പിന്നെയെന്താണ് യഥാർത്ഥത്തിൽ ശിക്ഷ? യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം പത്തൊമ്പതാം തിരുവ ചനം പറയുന്നു: “ഇതാണ് ശിക്ഷാവിധി പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യർ പ്രകാശത്തേക്കാളധികമായി അന്ധകാരത്തെ സ്നേഹിച്ചു.” എന്നു പറഞ്ഞാൽ നിനക്ക് ജീവിതത്തിൽ രക്ഷയും ഉയർച്ചയും ആനന്ദവും അനുഗ്രഹവും അഭിവൃദ്ധിയും എല്ലാം തരാനാ യി വഴികൾ തുറന്നിട്ടും ആ തുറന്ന വഴികളെ തിരിച്ചറിയാതെ നീ നിന്റെ ഇഷ്ടമനുസരിച്ച് പാപത്തിന്റെയും തിന്മയുടെയും വഴിയിലൂടെ പോയി. ആ പോയ വഴിയിൽ നിന്നും തിരിച്ചു വരാതെ ആ പോയതിലൂടെ നീ തുടർന്നാൽ അത് നിന്നെ ശിക്ഷിക്കും. ശിക്ഷിക്കുന്നത് ദൈവമല്ല. പാപ മാണ് ശിക്ഷിക്കുന്നത്. നീ ദൈവത്തിൽ നിന്നകലാനായി ഏതെല്ലാം കാര ണങ്ങൾ ഇടയായോ ആ കാരണങ്ങൾ മുഴുവനുമാണ് നിന്നെ ശിക്ഷി ക്കുന്നത്. മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഏഴാം തിരുവചനം പറയുന്നു: “പ്രലോഭനങ്ങൾ നിമിത്തം ലോകത്തിന് ദുരി തം. പ്രലോഭനങ്ങൾ ഉണ്ടാകേണ്ടതാണ്. എന്നാൽ, പ്രലോഭന ഹേതു വാകുന്നവന് ദുരിതം.” ഒന്ന് പത്രോസ് നാല് പന്ത്രണ്ടിൽ പറയുന്നു: “നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്ര തീക്ഷിതമായ തെന്തോ സംഭവിച്ചതുപോലെ പരിഭ്രമിക്കരുത്.” ഈ രണ്ടു വചനത്തിലൂടെ കർത്താവ് പറയുന്നത് പ്രലോഭനങ്ങളുണ്ടാകും. പരീ ക്ഷകൾ ഉണ്ടാകും. പക്ഷേ നീയതിൽ വീണു പോകരുത്. അതിൽ വീണു പോയാൽ, വീഴുന്നത് പാപമാണ്. അതിൻ്റെ പിന്നിൽ ശിക്ഷയുണ്ട്. രക്ഷ കിട്ടണമെങ്കിൽ പാപത്തിൽ നിന്നും പിടിവിട്ട് കർത്താവിങ്കലേക്ക് തിരിച്ചു വരണം. തിരിച്ചു വന്നാൽ അവിടുന്ന് നിൻ്റെ ഇന്നലെകളിൽ പാപം ചെയ്തതു മൂലം സംഭവിക്കാവുന്ന ശിക്ഷ മുഴുവൻ കർത്താവ് എടുത്തു മാറ്റും. കർത്താവ് തരുന്ന രണ്ടാമത്തെ കാര്യം നിനക്ക് രക്ഷയും നിത്യാ നന്ദവും നല്കും. എന്താണ് രക്ഷ. നീ ഏതവസ്ഥയിലാണോ ആ അവ സ്ഥയിൽ നിന്നുള്ള പൂർണ്ണ രക്ഷ.
