സ്നേഹപൂർവ്വം പനയ്ക്കലച്ചൻ

ഓരോ വ്യക്തിയുടെയും ജീവിതത്തിൻ്റെ പ്രസക്തിയും വിളിയും കഴിവുകളും ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹത്താലാണ് മനസ്സിലാക്കപ്പെടുന്നത്. അതിനാൽ, മറ്റുള്ളവരിലേക്കു നോക്കാതെ ദൈവം തന്നിൽ നിയോഗിച്ചിരിക്കുന്നവയെ കണ്ടെത്താൻ ഓരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. ഇസ്രായേൽ മക്കൾ ദൈവത്തിന് കൂടാരം പണിത്, അതു വാഗ്ദത്തഭൂമിയിലേക്കു കൊണ്ടുപോയ സംഭവം ബൈബിളിൽ സംഖ്യയുടെ ഭാഗത്ത് വിവരിക്കുന്നു.
കൂടാരം കൊണ്ടുപോകാൻ ആറു വണ്ടികളും 12 കാളകളുമാണ് തയ്യാ റാക്കി നിർത്തിയിരുന്നത്. ഇത് കൊണ്ടുപോകാനുള്ള ചുമതല കുടും ബമനുസരിച്ച് ഗർഷോന്യർ, മെറാര്യർ, കൊഹാത്യർ എന്നീ സഹോദര ങ്ങളുടെ മക്കൾക്കായിരുന്നു. ഗർഷോന്യരുടെയും മെറാര്യരുടെയും മക്കൾക്ക് വണ്ടിയും കാളകളും കൊടുത്തപ്പോൾ കൊഹാത്യരുടെ മക്കൾക്ക് മോശ ഒന്നും നല്കിയില്ല. തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും മോശ അനീതി പ്രവർത്തിച്ചുവെന്നും കൊഹാത്യരുടെ മക്കൾക്ക് തോന്നി.
ജീവിതത്തിൽ വഞ്ചിക്കപ്പെട്ടുവെന്ന് എത്രയോ പേർക്ക് തോന്നാറു ണ്ട്. ദൈവം തങ്ങൾക്കു നല്കിയതിനെക്കാൾ വളരെ കൂടുതൽ മറ്റു ചിലർക്കു നല്കുന്നുവെന്ന് ചിന്തിച്ച് പലരും വിഷമിക്കുന്നു. മോശയെ നാം വിധിക്കുന്നതിനു മുമ്പ് എങ്ങനെയാണ് കൂടാരം കൊണ്ടുപോകു ന്നതിനുള്ള ചുമതല അവർക്കു വീതിച്ചതെന്നു കൂടി ചിന്തിക്കേണ്ടതു ണ്ട്. കൂടാരത്തിൻ്റെ മുകൾഭാഗവും വശങ്ങളും കതകുകളും കൊണ്ടു പോകാൻ ഗർഷോന്യരുടെ പുത്രർക്ക് രണ്ടു വണ്ടികളും നാലു കാള കളും കൊടുത്തു. കൂടാരത്തിൻ്റെ അടിത്തട്ടും സ്തംഭങ്ങളും ഭാരമേറിയ സാധനങ്ങളും കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട മെറാര്യപുത്രർക്ക് നാലുവണ്ടികളും എട്ടുകാളകളുമാണ് നല്കിയത്. എന്നാൽ, വണ്ടിക ളിൽ കൊണ്ടുപോകാവുന്നവയെക്കാൾ വിലയേറിയ മറ്റ് ചില സാധന ങ്ങൾ ഉണ്ടായിരുന്നു.
അൾത്താരയും, അൾത്താര സജ്ജമാക്കുന്നതിനാവശ്യമായ വിശുദ്ധ വസ്തുക്കളും വണ്ടികളിൽ കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് മോശയ്ക്കു തോന്നി. വളരെ സുരക്ഷിതമായി കൈകളിൽത്തന്നെ കൊണ്ടുപോകേണ്ടവയായിരുന്നു അവ. അതുകൊണ്ടാണ്, കൂടാര ത്തിന്റെ ഏറ്റവും വിലയേറിയ ഭാഗങ്ങളും വിശുദ്ധമായ വസ്തുക്കളും കൊണ്ടുപോകാനുള്ള ചുമതല കൊഹാത്യർക്കു നല്കിയപ്പോൾ വണ്ടി കളൊന്നും നല്കാതിരുന്നത്.
നമ്മുടെ ജീവിതത്തിലും ഇതുപോലെയാണ് സംഭവിക്കുന്നത്. വില യേറിയ കാര്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത് കരങ്ങൾ കൊണ്ടാണ്. വസ്ത്ര ങ്ങൾ കഴുകാൻ നാം വാഷിംഗ് മെഷീൻ ഉപയോഗിക്കാറുണ്ടെങ്കിലും കുട്ടികളെ കുളിപ്പിക്കാൻ ആരെങ്കിലും അത് ഉപയോഗിക്കാറുണ്ടോ? കൈ കൊണ്ടു തന്നെയാണ് കുട്ടികളെ കുളിപ്പിക്കുന്നത്. മറ്റുള്ളവർക്കു ലഭിച്ച അവസരങ്ങൾ എനിക്കു ലഭിച്ചില്ലല്ലോ എന്ന് ആരും ചിന്തിക്കേണ്ടതില്ല. മറ്റുള്ളവരെക്കാൾ പ്രധാനപ്പെട്ട ഒന്നാണ് ദൈവം നിങ്ങളെ ഏല്പിച്ച തെന്നു വിശ്വസിക്കണം.
നിങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായവ കണ്ടെത്തുമ്പോൾ ദൈവത്തിന്റെ ഏറ്റവും ഉന്നതമായ വിളി ലഭിച്ച വ്യക്തിയാണ് താൻ എന്ന വിശ്വാസ ത്തിലൂടെ വേണം നാം ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ.
ഓരോ വ്യക്തിക്കും ദൈവസന്നിധിയിൽ വലിയ വിലയാണുള്ളത്. ചുറ്റും ആൾക്കൂട്ടമുണ്ടായിട്ടും സക്കേവൂസിനെ ശ്രദ്ധിച്ച യേശു ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നവനാണ്. നിന്നെ നീയായി കാണുന്നവനാണ് അവിടുന്ന്. അതുകൊണ്ട്, മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ ഒരു വിളിയും തെരഞ്ഞെടുപ്പും ദൈവത്തിനു നിന്നെക്കുറിച്ചുണ്ട്.
