

ഹബക്കുക്ക് പ്രവാചകൻ്റെ പുസ്‌തകം ഒന്നാം അദ്ധ്യായത്തിന്റെ അഞ്ചാം തിരുവചനത്തിൽ കർത്താവ് നമുക്കു നല്‌കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഉറപ്പാണ്, പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്തവിധം ഞാൻ നിങ്ങൾക്കു വേണ്ടി ഒരു കാര്യം ചെയ്യും. പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത വിധം ഒരു കാര്യം അത് നമുക്കുവേണ്ടി ചെയ്യുന്നവനാണ് ദൈവം. ബൈബിളിൽ മുഴുവൻ നാം കാണുന്നത് ചെയ്യും എന്നു പറഞ്ഞ ദൈവം മനുഷ്യനു വേണ്ടി ചെയ്ത് കാര്യങ്ങളാണ്. പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത കാര്യം ദൈവം മനുഷ്യർക്കുവേണ്ടി ചെയ്‌തത് നമ്മുടെയൊക്കെ കൺമുമ്പിൽ ബൈബിളിലെ സംഭവങ്ങളിലൂടെ കാണിച്ചു തരികയാണ്. അതിന് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല ഉദാഹരണം യോഹന്നാൻ്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ സമരിയാക്കാരി സ്ത്രീയുടെ ജീവിതത്തിൽ ഈശോ പ്രവർത്തിച്ചു കൊണ്ട് കാണിച്ച് തരികയാണ്.
ഈ സമരിയാക്കാരി സ്ത്രീയെക്കുറിച്ച് അവളെ അറിയാവുന്ന എല്ലാവരും പറഞ്ഞത് അവൾ ഒരു കാലത്തും നന്നാകില്ല എന്നാണ്. ഒരു കാലത്തും നന്നാകില്ല എന്ന് ആരെക്കുറിച്ചെല്ലാം വിധി എഴുതുന്നുവോ ആരെയൊക്കെ ആ കാരണത്താൽ മാറ്റി നിർത്തുന്നുവോ അങ്ങനെ മാറ്റി നിർത്തിയ, വിധി എഴുതപ്പെട്ട അവളെ കാത്താണ് ഈശോ ആ സിക്കാർ പട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിൽ കാത്ത് നിന്നത്.
ഇന്നലെകളിൽ ആരെല്ലാമാണോ നിൻ്റെ ചില വീഴ്‌ചകൾ, ദൂഷ്യ വശങ്ങൾ, പരാജയങ്ങൾ, പാപ പ്രവർത്തികൾ കണ്ടിട്ട് ഒരു കാലത്തും രക്ഷപ്പെടില്ല എന്ന് വിധിയെഴുതിയത് അവർക്കുവേണ്ടി ഈശോ കാത്തിരിക്കുന്നു. നിന്റെ വീഴ്ചയിലേക്ക് നോക്കി കർത്താവ് നിന്നെ മാറ്റി നിർത്തില്ല. തള്ളിക്കളയില്ല. മറിച്ച് അവൻ നിനക്കു വേണ്ടി കാത്തിരിക്കുന്നു.
സമരിയാക്കാരി സ്ത്രീ കിണറ്റിൻ കരയിൽ അപ്രതീക്ഷിതമായി ഈശോയെ കണ്ടപ്പോൾ ഈശോ ആ സ്ത്രീയുമായി സംസാരിച്ചു. ആ സംസാരത്തിലൂടെ ഈശോ അവൾക്ക് മനസ്സിലാക്കി കൊടുക്കാൻ ആഗ്രഹിച്ച കാര്യം ഇതാണ്. നിൻ്റെ ഇന്നലെകളിലേക്ക് നോക്കി നിന്നെ കുറ്റപ്പെടുത്താതെ ഇന്നിൽ നിൻ്റെ ജീവിതത്തിലേക്ക് ഇറങ്ങി വരുന്നവനാണ് കർത്താവ്. ഈശോ ആ സ്ത്രീയുടെ ഇന്നലെകളെ നോക്കാതെ അവളുടെ ഇന്നത്തെ അവസ്ഥയിലേക്ക് ഇറങ്ങി വന്നു. അതാണ് ഈശോ അവളോട് ചോദിച്ചത്. യോഹന്നാൻ്റെ സുവിശേഷം നാലാം അദ്ധ്യായത്തിലെ പതിനാലും പതിനഞ്ചും തിരുവചനം. വെള്ളം കോരാൻ വന്നതല്ലേ. ഈ കിണറ്റിൽ നിന്നും നീ കോരിക്കൊണ്ട് പോകുന്ന വെള്ളം എന്തോരം കുടിച്ചാലും നിന്റെ ദാഹം തീരുകയില്ല. നിൻ്റെ ദാഹം തീരണമെങ്കിൽ എന്റെ കൈവശമൊരു ജലമുണ്ട്. അതിന്റെ പേര് ജീവൻ്റെ ജലമെന്നാണ്. അതൊരിക്കൽ കുടിച്ചാൽ പിന്നീടൊരിക്കലും ദാഹിക്കുകയില്ല. ആ സ്ത്രീയുടെ ഉള്ളിൽ ജീവജലത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ഒരു ബോധ്യം ഈശോ അവൾക്ക് നല്കി.
